Nokkethadhoorathu Kannum Nattu

നോക്കെത്താദൂരത്തു കണ്ണും നട്ട് (ഒരു മഞ്ഞറോസാപ്പൂവിന്റെനൊമ്പരം) 1985 ഒക്ടോബർ 26, മലയാളസിനിമാ ചരിത്രത്തിൽ ഒരു അതിശയചിത്രം റിലീസായി, ചടുല സംഘട്ടനരംഗങ്ങളില്ല പ്രേമഗാനങ്ങളുമില്ല, എന്നിട്ടും സൂപ്പർഹിറ്റ്...

nokkethadhoorathu kannum nattu

1985 ഒക്ടോബർ 26 , മലയാളസിനിമാ ചരിത്രത്തിൽ ഒരു അതിശയചിത്രം റിലീസായി, ചടുല സംഘട്ടനരംഗങ്ങളില്ല പ്രേമഗാനങ്ങളുമില്ല , എന്നിട്ടും സൂപ്പർഹിറ്റ്. കേന്ദ്രകഥാപാത്രങ്ങൾ രണ്ടു സ്ത്രീകൾ; പഴയകാല നായിക പദ്മിനിയും(കുഞ്ഞൂഞ്ഞമ്മ തോമസ് ) പുതുമുഖമായ നദിയ മൊയ്തുവും(ഗേളി).

ശ്രീകുമാർ എന്ന കുഞ്ഞൂഞ്ഞമ്മയുടെ അയൽക്കാരനായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അഭിനയിച്ചിരിക്കുന്നു .ശ്രീകുമാറിന്റെ അമ്മയായി സുകുമാരിയാണ് അഭിനയിച്ചത്.കുഞ്ഞൂഞ്ഞമ്മക്ക് സ്‌ഥിരം ഇംഗ്ലീഷ് പാട്ടു ഉറക്കെ വച്ചു
ശല്യമുണ്ടാക്കുന്ന ഒരു ചെറുപ്പക്കാരനാണ് ശ്രീകുമാർ. ഡൽഹിയിൽ നിന്നും ഗേളി വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത് . എന്തിനു വന്നു , എന്നത് ആദ്യം രഹസ്യമായി ഗേളി സൂക്ഷിച്ചു . ഇടവകപ്പള്ളി വികാരിയായി നെടുമുടി വേണു , മറ്റൊരു അയൽവാസിയായി തിലകൻ , ഗേളിയുടെ ഡാഡിയായി കെ .പി .ഉമ്മർ തുടങ്ങിയ മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട് .അലക്സ് എന്ന ശ്രീകുമാറിന്റെ സുഹൃത്തായി സംവിധായകൻ ഫാസിലും ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു റോൾ ചെയ്തു . ഗേളിയുടെ സസ്പെൻസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് സംവിധായകൻ ചെയ്ത കഥാപാത്രം തന്നെ!

സംഗീതത്തിന് , പ്രത്യേകിച്ചു പശ്ചാത്തല സംഗീതത്തിന് ഈ ചിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്.ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയിരിക്കുന്നു. പശ്ചാത്തലസംഗീത മാന്ത്രികനായിരുന്ന ജോൺസൺ മാഷാണ് ഇവിടെയും രംഗങ്ങൾക്കു ഭാവം നൽകിയത് . കെ ജെ യേശുദാസും ചിത്രയുമാണ് പ്രധാന ഗായകർ . ആയിരം കണ്ണുമായ് ...എന്നു തുടങ്ങുന്ന ഗാനം ചിത്രയുടെ ഒരു മാസ്റ്റർപീസ് തന്നെ .

കാത്തിരിപ്പിന്റെ പ്രതീകമായി ഒരു കോളിങ് ബെല്ലും ,ശ്രീകുമാറിനെ ചൊടിപ്പിച്ച ഗേളിയുടെ കറുത്ത കൂളിംഗ് ഗ്ലാസും ഒടുവിൽ ഒരു നൊമ്പരമായി പ്രേക്ഷകർ ഓർക്കുന്ന മഞ്ഞ റോസാച്ചെടിയും അതിശയകരമായി ഈ ചിത്രത്തിൽ കഥാപാത്രങ്ങളുടെ നിരയിലേക്ക് വരുന്നു . സംവിധായകൻ ഇത്രയും പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല.

സിനിമ തികച്ചും ഒരു സംവിധായകന്റെ കലയാണ് എന്നു പറയുന്നത് ഒരുപക്ഷെ ഇതുപോലുള്ള സിനിമകൾ കാരണമാവാം .പുതുമയുള്ളതാണെങ്കിലും നിസ്സാരമായ, ഒരിക്കലും ഒരു വാണിജ്യസിനിമാ വിജയത്തിന് സാദ്ധ്യതയില്ലെന്നു 'തോന്നിപ്പിക്കുന്ന' ഒരു വൺലൈൻ സ്റ്റോറിയാണ് ഈ ചിത്രത്തിന്റേത് എന്നിട്ടും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു വിജയിപ്പിച്ച ശ്രീ .ഫാസിൽ ഒരു ജീനിയസ്ത്തന്നെ തർക്കമില്ല .കൂടാതെ തിരക്കഥയും സംഭാഷണവും സ്വയം ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു .

യുവത്വത്തിന്റെയും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും നിറമായ 'മഞ്ഞ' ,സംവിധായകൻ ഈ സിനിമയിൽ വളരെ ബുദ്ധിപൂർവ്വം എന്നാൽ മനഃശാസ്‌ത്രപരമായി ഉപയോഗിച്ചിരിക്കുന്നു . മഞ്ഞ സാരി , മഞ്ഞ ചുരിദാർ , മഞ്ഞ കർട്ടനുകൾ പിന്നെ മഞ്ഞ റോസാപ്പൂ ..മലയാള സിനിമയിൽ ഇത്രയും പ്രാധാന്യത്തോടെ ഒരു നിറത്തെ പ്രതിപാദിക്കുന്നത് ആദ്യമായിരിക്കും ; 'ഭാർഗ്ഗവി നിലയ'ത്തിൽ കറുത്ത നിറത്തിനു ഊന്നൽ കൊടുത്തത് ഒഴികെ ...ഈ സിനിമ റിലീസ് ചെയ്തതിനു ശേഷം സ്ത്രീകളുടെ ഇടയിൽ മഞ്ഞനിറം ഒരു ട്രെൻഡായി മാറിയിരുന്നു . ഫാസിൽ ചിത്രങ്ങൾ മലയാളിക്കു എപ്പോഴും ഫാഷൻ ട്രെൻഡുകൾ സമ്മാനിക്കാറുണ്ട് എന്നതിനു ഉദാഹരണമായി ഗേളിയുടെ മുടിക്കെട്ടും മോഡേൺ വസ്ത്രധാരണവും എടുത്തു പറയേണ്ടതാണ് .

അവർ മാത്രം കാത്തിരുന്നു ; കുഞ്ഞൂഞ്ഞമ്മയും ശ്രീകുമാറും ; ഗേളി ഇനിയും വരുമെന്ന് ….

മലയാള സിനിമയിൽ പിന്നെയും കാത്തിരിപ്പിന്റെ ,പ്രത്യേകിച്ചും പേരക്കുട്ടിയെ കാത്തിരിക്കുന്ന മുത്തച്ഛന്റേയും മുത്തശ്ശിയുടെയുമൊക്കെ കഥകൾ വന്നുപോയി , പക്ഷേ ഒരു മഞ്ഞറോസാപ്പുഷ്പമായി ഗേളിയും നോക്കെത്താ ദൂരത്തു കണ്ണും നട്ടിരിക്കുന്ന വല്യമ്മച്ചിയും ശ്രീയും ഇന്നും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു .

0 Comments

No comments found